കൊച്ചി : സിനിമാ സംവിധായകനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) അന്തരിച്ചു. പറവൂര്‍ നന്തികുളങ്ങര കൊയ്പാമഠത്തില്‍ ശശിയുടെയും സുമയുടെയും മകനാണ്.ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറില്‍ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടര്‍ന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.