അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ അഗ്നിബാധ.അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്താണ് തീ പടരുന്നത്. മല്ലീശ്വരം മുടിയുടെ ഒരു ഭാഗമാണ് കാട്ടുതീയില്‍ കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര മല, വെന്തവട്ടി എന്നിവിടങ്ങളിലായി കാട്ടുതീ പടരുന്നുണ്ട്. ജനവാസ മേഖലയില്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
തൃശൂര്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഇതിനോടകം 5കിലോമീറ്ററില്‍ അധികം വിസ്തൃതിയില്‍ വനം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ജനവാസ മേഖലയുടെ അടുത്താണ് തീ പടര്‍ന്നിട്ടുള്ളത്. സ്ഥലത്തേക്ക് അഗ്നിരക്ഷ സേനക്ക് എത്താന്‍ കഴിയാത്ത വഴിയാണ്. ഇത് തീ അണക്കുന്നതില്‍ വെല്ലുവിളിയായിട്ടുണ്ട്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയില്‍ തീ പടരാതിരിക്കാന്‍ ശ്രമിക്കുകയാണ്.