വിഴിഞ്ഞം: കോവളം ബൈപ്പാസ് റോഡില്‍ വെള്ളാറിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങള്‍ വിലവരുന്ന കെ.എസ്.ഇ.ബിയുടെ 100 മീറ്റര്‍ വീതമുള്ള 28 റോള്‍ ഭൂഗര്‍ഭ കേബിള്‍ ഡക്‌ട് പൈപ്പുകള്‍ കത്തിനശിച്ചു.പിറകിലെ വീടുകള്‍ക്ക് സമീപത്തേക്ക് അതിവേഗം തീ കത്തിപ്പടരുന്നതുകണ്ട നാട്ടുകാര്‍ ഭയന്നു. പിന്നീട് വീട്ടുകാരും പ്രദേശവാസികളുമുള്‍പ്പെടെ വെള്ളമൊഴിച്ചു. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.സ്വകാര്യ പബ്ളിഷിംഗ് കമ്പനിയുടെ മൂന്നേക്കര്‍ ഭൂമിയിലെ കുറ്റിക്കാടിനാണ് തീപിടിച്ചത്. കനത്ത വെയിലും കാറ്റുമുണ്ടായതിനാല്‍ കമ്പനി ഇവിടെ കൊണ്ട് തള്ളിയിരുന്ന പേപ്പര്‍ കെട്ടുകള്‍ക്ക് അതിവേഗം തീപിടിക്കുകയായിരുന്നു. വിഴിഞ്ഞത്തുനിന്ന് രണ്ട് യൂണിറ്റും ചാക്കയില്‍ നിന്ന് ഒരു ഫയർ യൂണിറ്റുമെത്തി രണ്ടര മണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.