ഒഡീഷ: പുരി ജഗന്നാഥ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്ക്. അർധരാത്രിയില്‍ നടന്ന ചന്ദൻ യാത്രക്കിടെ നരേന്ദ്ര പുഷ്കർണി ദേവിഹട്ടിലാണ് അപകടമുണ്ടായത്.ആഘോഷത്തില്‍ പങ്കെടുത്ത നിരവധി ഭക്തർക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.ഒരു സംഘം ഭക്തർ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. കത്തിച്ചിട്ട പടക്കം മറ്റ് പടക്കങ്ങളുടെ കൂമ്പാരത്തില്‍ വീഴുകയായിരുന്നു. ഇതോടെ പടക്കങ്ങള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു.
പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ചീഫ് സെക്രട്ടറിക്കും ജില്ലാ ഭരണകൂടത്തിനും നിർദേശം നല്‍കി.