വിഴിഞ്ഞം:സെപ്റ്റിക് ടാങ്കില്‍ വീണ മകനെയും പിതാവിനെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഒന്നിന് രാവിലെയുണ്ടായ അപകടത്തില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള അഭിഷേക് ഭവനില്‍ സ്വാമിനാഥന്‍(61), വിഷ്ണു(30) എന്നിവരാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. സ്വാമിനാഥന് വാരിയെല്ലിനും വിഷ്ണുവിന് കാലിനും പരിക്കേറ്റു. വിഷ്ണുവാണ് ആദ്യം ടാങ്കിനുള്ളില്‍ വീണത്. മകന്റെ നിലവിളി കേട്ട് എത്തിയ പിതാവും ഉള്ളില്‍ വീണു. നേത്ര ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്ന സ്വാമിനാഥന് കാഴ്ചക്കുറവായതിനാലാണ് കുഴിയില്‍ അകപ്പെടാന്‍ കാരണം. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.അജയിന്റെ നേതൃത്വത്തില്‍ 2 യൂണിറ്റുകള്‍ ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, കിരണ്‍ എന്നിവര്‍ ടാങ്കില്‍ ഇറങ്ങി ഇരുവരെയും പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചു.