തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷന്‍ ആണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാല്‍ തന്നെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവരും ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. നായയോ, പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.