മുംബൈ: മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലില്‍ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദര്‍ നഗര്‍ഹവേലി ദാമന്‍ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലില്‍ മുങ്ങിയത്.ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ സേന രക്ഷപെടുത്തി. ഹെലികോപ്റ്ററുകളും അതിവേഗ നിരീക്ഷണ ബോട്ടുകളും ഉപയോഗിച്ചാണ് തീരരക്ഷാ സേന തൊഴിലാളികളെ രക്ഷപെടുത്തിയത്.ഗുജറാത്ത് തീരത്ത് മത്സ്യബന്ധനം നടത്തിയ സംഘം മുംബൈയിലേക്ക് പോകും വഴിയാണ് കടലില്‍ മുങ്ങിയത്. രാവിലെ 11.35നാണ് തീര രക്ഷാ സേനയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.
ദാമന്‍ തീരത്തു നിന്നും 16 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നു. യാത്രാ മധ്യേ ബോട്ടിന്റെ എഞ്ചിന്‍ നിശ്ചലമാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബോട്ടില്‍ നിറയുന്ന വെള്ളം പുറത്തേയ്ക്ക് പമ്പു ചെയ്ത് കളയാന്‍ സാധിക്കാതിരുന്നതോടെ വെള്ളം നിറഞ്ഞാണ് ബോട്ട് മുങ്ങിയത്.