ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറില്‍ കോണ്‍ഗ്രസ് മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് പരിക്ക്.തുമകുരുവിലെ തന്റെ മണ്ഡലമായ കൊരട്ടഗരെയിലെ ബൈരനെഹള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ട് വോട്ടുചോദിച്ചു നീങ്ങവെയാണ് അജ്ഞാത ആക്രമികളുടെ കല്ലേറുണ്ടായത്. തലക്ക് പരിക്കേറ്റ് രക്തമൊലിച്ചതോടെ പരമേശ്വരയെ ഉടന്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് തുമകുരുവിലെ സിദ്ധാര്‍ഥ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊരട്ടഗരെയിലെ സിറ്റിങ് എം.എല്‍.എയാണ് ദലിത് നേതാവായ പരമേശ്വര. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ഏപ്രില്‍ 19ന് കൊരട്ടഗരെയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവെ അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായി. സ്ഥലത്ത് സുരക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസിന് കല്ലേറില്‍ പരിക്കേറ്റ ഈ കേസില്‍ രംഗദാമയ്യ എന്നയാള്‍ അറസ്റ്റിലായിരുന്നു.