പാലാ : മുൻ വനംമന്ത്രിയും ജനതാദൾ എസ് മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിലാണ് സംസ്‌കാരം. മോളി പ്രവിത്താനം ആണ് ഭാര്യ, അനീഷ് ജോസഫ്, അനിത എന്നിവർ മക്കളാണ്. കോൺഗ്രസിലൂടെയാണ് ജോസഫ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ ഉറച്ചുനിന്നു. 1977ൽ ജനതാ പാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.