ചാരുംമൂട്: കള്ളനോട്ട് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിലായതിനു പിന്നാലെ മുഖ്യപ്രതിയായ സീരിയല്‍ നടന്‍ അടക്കം മൂന്നു പേര്‍ കൂടി പിടിയില്‍..ഇവരില്‍ നിന്ന് നാലരലക്ഷം രൂപ പിടിച്ചെടുത്തു.തിരുവനന്തപുരം തൈക്കാട് ഫലഹ് നാസ വീട്ടില്‍ നിന്നു നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടില്‍ താമസിക്കുന്ന സീരിയല്‍ നടന്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്. കല്ലട സ്വദേശിയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ കാരായ്മ അക്ഷയ നിവാസില്‍ ലേഖ (48) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ ലേഖയുടെ കൈയില്‍ നിന്നു ലഭിച്ച 500ന്റെ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പൊലീസില്‍ അറിയിക്കുകയായിരുന്നുനൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ലേഖയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ട് ആണെന്ന് ബോദ്ധ്യമായി. ക്ളീറ്റസാണ് നോട്ട് നല്‍കിയതെന്ന് ലേഖ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്നു 500 ന്റെ നിരവധി നോട്ടുകള്‍ കണ്ടെത്തി. ലേഖയെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോഴാണ് റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള രഞ്ജിത്തിന്റെ ഇടപെടല്‍ വ്യക്തമായത്. രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോള്‍ നടന്‍ ഷംനാദ് ആണ് കള്ളനോട്ടുകള്‍ എത്തിച്ചു നല്‍കുന്നതെന്നും എവിടെയാണ് നിര്‍മ്മിക്കുന്നതെന്ന് അറിയില്ലെന്നും മൊഴി നല്‍കി.