വിഴിഞ്ഞം: പിതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്‌തതിന് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്വര്‍ണ്ണമാല തട്ടിയെടുക്കുകയും ചെയ്ത 19 അംഗ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍.വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ കപ്പച്ചാല ഹൗസില്‍ അബ്ദുല്‍ റസാഖ് (36),വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ചെന്നവിളാകത്ത് യാസര്‍ (35),വിഴിഞ്ഞം പുല്ലൂര്‍ക്കോണം റ്റി.സി 62/359ല്‍ ഷാജഹാന്‍(32),വിഴിഞ്ഞം ചെന്നവിളാഹം ഹൗസ് നമ്പര്‍ 389-ല്‍ ഹിസാന്‍(32) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 20ന് രാത്രിയാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ അക്രമിസംഘം ഇടിക്കട്ട കൊണ്ട് ആക്രമിച്ച് പരിക്കേല്പിക്കുകയും സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാക്കളില്‍ ഒരാളുടെ പിതാവിനെ മുമ്പ് പ്രതികളില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് ചോദ്യം ചെയ്‌തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. നിരവധി അടിപിടി കേസുകളില്‍ പ്രതികളായ ഇവര്‍ ആക്രമണത്തിനുശേഷം പല സംഘങ്ങളായി പിരിഞ്ഞശേഷം ഇന്നലെ ഒരുമിച്ച് ചേര്‍ന്ന് ബാംഗ്ലൂരിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.