ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തെഹ്‌രി ഗര്‍വാള്‍ ജില്ലയിലെ ഋഷികേശ്- ബദരീനാഥ് ഹൈവേയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു.മുംബൈയില്‍ നിന്നുള്ള ബദരീനാഥ് തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബ്രഹ്മപുരി ശ്രീറാം തപസ്ഥലി ആശ്രമത്തിനു സമീപമാണ് അപകടമുണ്ടായത്. മുംബൈയിലെ ദഹിസാറില്‍ താമസിക്കുന്ന ശിവാജി ബുദ്ധകര്‍ (53), താനെ സ്വദേശി പുരോഷത്തം ദത്താത്രേയ (37), താനെ സ്വദേശി ജിതേഷ് പ്രകാശ് ലോഖണ്ഡെ (43), പാല്‍ഘര്‍ സ്വദേശിയായ ധരംരാജ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രുദ്രപ്രയാഗ് സ്വദേശിയായ ക്യാമ്പ് ഡ്രൈവര്‍ രുദ്രപ്രയാഗ് ജില്ലയിലെ ഉഖിമത്ത് സ്വദേശിയായ രവീന്ദ്രസിങ് (37), ഗ്രേറ്റര്‍ മുംബൈ നിവാസിയായ രവീന്ദ്ര ചവാന്‍ (56) എന്നിവര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡ് സ്വദേശിയായ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരെ കയറ്റിയ ക്യാമ്പ് ഹരിദ്വാറില്‍ നിന്ന് ബദരീനാഥിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമ്പതടി താഴ്ചയിലേക്കാണു മറിഞ്ഞത്. മരിച്ചവര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. പരിക്കേറ്റ രണ്ടുപേര്‍ ചികില്‍സയിലാണ്. ബുധനാഴ്ച ഉത്തരാഖണ്ഡിലെത്തിയ മുംബൈ ആസ്ഥാനമായുള്ള അഞ്ച് ഭക്തരുടെ സംഘം ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ച ഒരു മ്യൂസിക്കല്‍ ബാന്‍ഡിന്റെ ഭാഗമായിരുന്നുവെന്ന് മുനി കി രേതി പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ റിതേഷ് സാഹ് പറഞ്ഞു.
അപകടവിവരം ലഭിച്ചയുടന്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) സംഘം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് മൂന്ന് പേരെ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ തീര്‍ത്ഥാടകരില്‍ ഒരാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ചികില്‍സയിലാണ്.