കോഴിക്കോട് : 1.60 കോടി വില വരുന്ന ആനക്കൊമ്ബുമായി നാലുപേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ് ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ റഷീദ് (50) എന്നിവരാണ് പിടിയിലായത്.എട്ടു കിലോ തൂക്കമുള്ള 1.60 കോടി വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡും വിജിലൻസും ചേര്‍ന്ന് ഇവരില്‍നിന്ന് പിടികൂടിയത്. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ആനക്കൊമ്പുമായി ഇവര്‍ പിടിയിലായത്.ഇവരുടെ പക്കല്‍ ആനക്കൊമ്പ് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ ഇവരെ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തുകയായിരുന്നു. ഇവിടെ നിന്നും ബാങ്ക് റോഡിലേക്ക് തന്ത്രപരമായി സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിച്ചു. ചാക്കില്‍ പൊതിഞ്ഞ ആനക്കൊമ്പ് പുറത്തെടുത്തപ്പോള്‍ ഫ്ലൈയിങ് സ്ക്വാഡും രംഗത്തെത്തി പിടികൂടുകയായിരുന്നു.