കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത മാനേജര്‍ എം.പി.റിജിലിനായുള്ള അന്വേഷണം തുടരുന്നു.റിജില്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, റിജില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കോര്‍പറേഷന്റെ അക്കൗണ്ടില്നിന്നല്ലാതെ നിരവധി പേരുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നുകൂടി റിജില്‍ പണം തട്ടിയതായും സൂചനയുണ്ട്. നിലവില്‍ ഒരു അക്കൗണ്ടില്‍നിന്ന് 18 ലക്ഷം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അസി.കമ്മിഷണര്‍ ടി.എ.ആന്റണിക്കാണ് അന്വേഷണ ചുമതല. അതിനിടെ, ബാങ്കിന്റെയും കോര്‍പറേഷന്റെയും കണക്കുകളില്‍ പൊരുത്തക്കേടുള്ളതായും വിവരങ്ങളുണ്ട്. കോഴിക്കോട് കോര്‍പറേഷന്റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്പറേഷന് വ്യക്തമാക്കിയത്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, റിജില്‍ 12 കോടി തട്ടിയെടുത്തതായാണ് ബാങ്കിലെ ഓഡിറ്റ് വിഭാഗം പ്രാഥമികമായി കണ്ടെത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഡിറ്റിങ് പൂര്‍ത്തിയായിട്ടില്ല. ചെന്നൈയില്‍നിന്നുള്ള പ്രത്യേക സംഘമാണ് ഓഡിറ്റിങ് നടത്തുന്നത്. ഇതുകഴിഞ്ഞാല്‍ മാത്രമേ എത്ര തുക നഷ്ടമായെന്ന് വ്യക്തമാകൂ.