ന്യൂഡല്‍ഹി: രോഹിണി കോടതി വെടിവയ്‌പ് കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു.ഇന്നലെ പുലര്‍ച്ചെ 6.30ന് എതിര്‍ ചേരിയിലുള്ള ഗുണ്ടാ സംഘം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കുടിപ്പകയാണ് കൊലക്കു കാരണം. ദീന്‍ ദയാല്‍ ഉപാദ്ധ്യായ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മറ്രൊരു തടവുകാരന്‍ രോഹിത് ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൃതദേഹത്തില്‍ 92 മുറിവുകളുണ്ട്. തില്ലു താജ്പുരിയ എന്നറിയപ്പെടുന്ന സുനില്‍ മാനെ ഗുണ്ടാത്തലവനായ യോഗേഷ് തുണ്ടയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മൂര്‍ച്ചയുള്ള ആയുധങ്ങളുപയോഗിച്ച്‌ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.യോഗേഷ് തുണ്ട, ദീപക് തീത്തര്‍, റിയാജ് ഖാന്‍, രാജേഷ് എന്നിവര്‍ ഇവരുടെ വാര്‍ഡിലെ ഗ്രില്‍ തകര്‍ത്ത് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് താഴത്തെ നിലയിലെ വാര്‍ഡില്‍ സംഘാംഗങ്ങള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന തില്ലുവിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.