തിരുവനന്തപുരം : ബാലരാമപുരത്ത് മതപഠന സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ ഇവിടെവച്ചാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്.അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.