എറണാകുളം : ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.വ്യാജരേഖകള്‍ സൃഷ്ടിച്ച ഗവ. മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ഐഎന്‍ടിയുസി നേതാവുമായ ആലപ്പുഴ സ്വദേശി എ അനില്‍കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് അനില്‍കുമാറിനെ വ്യാഴം വൈകിട്ട് പ്രത്യേക അന്വേഷകസംഘം കസ്റ്റഡിയിലെടുത്തത്. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നഗരസഭാ ജീവനക്കാരി എ എന്‍ രഹ്നനല്‍കിയ പരാതിയില്‍ കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു. പരാതിക്കാരിയെ പിന്നീട് പൊലീസ് പ്രതിചേര്‍ത്തു. രഹ്നയും ഒളിവിലാണ്. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അനില്‍കുമാറിനെ കൊച്ചിയിലെത്തിച്ച് വെള്ളി വൈകിട്ട് വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.