കൊല്ലം: മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍. സ്വാഭാവിക മരണമെന്ന് കരുതി സംസ്‌കാരം നടത്താനുള്ള തയ്യാറെടുപ്പിനിടെ തലയില്‍ കണ്ട മുറിവാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തില്‍ പൊന്നമ്മ(90)യുടെ മരണത്തില്‍ ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ (ഉണ്ണി-35) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നമ്മ കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിര്‍ത്തിരുന്നു.വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി തര്‍ക്കമുണ്ടായി. വഴക്കിനും പിടിവലിക്കുമിടെ ഇവരെ കട്ടിലില്‍ തലയിടിപ്പിച്ചും കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
സംഭവ സമയം സുരേഷിന്റെ അമ്മ സുമംഗല ആടിനെ തീറ്റാനായി പുറത്തുപോയിരുന്നു. പൊന്നമ്മയും സുമംഗലയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സുമംഗല മടങ്ങിയെത്തിയപ്പോള്‍ മുത്തശ്ശി മരിച്ചെന്നറിയിച്ചു. സുരേഷിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു.എന്നാല്‍ തലയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.