തിരുവല്ലത്ത് ഇരുപത്തുമൂന്നുകാരി ആത്മഹത്യ ചെയ്ത ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് കഴിഞ്ഞ ദിവസം നാലു മണിയോടെ ജീവനൊടുക്കിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ഭർത്താവിന്റെ വീട്ടുകാർ മർദിച്ചതിന്റെ ദൃശ്യങ്ങളും യുവതിയുടെ വീട്ടുകാർ പുറത്തുവിട്ടു.
കേസിൽ ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങൾ മൂലം മൂന്നു മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
ഭര്‍തൃവീട്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ഷഹനയോട് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആരോപണവുമായി ഷഹനയുടെ വീട്ടുകാർ രംഗത്തെത്തിയത്.