തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.