ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്. ഹൈറേഞ്ചില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സമയബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് മികച്ച സൗകര്യങ്ങളൊരുക്കാനായി നിരവധി തവണ പ്രത്യേക യോഗം ചേര്‍ന്ന് തുക അനുവദിച്ചത്. മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.പത്തോളജി വിഭാഗത്തില്‍ 60 ബൈനാകുലര്‍ മൈക്രോസ്‌കോപ്പ്, ആട്ടോമെറ്റിക് പ്രോസസര്‍, റോട്ടറി മൈക്രോടോം, ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ് ക്ലിനിക്കല്‍, ഒഫ്ത്താല്‍മോസ്‌കോപ്പ് മൈക്രോബയോളജി വിഭാഗത്തില്‍ 50 എല്‍ഇഡി ബൈനാകുലര്‍ മൈക്രോസ്‌കോപ്പ്, മാനിക്യുനികള്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ മുതിര്‍ന്നവരുടേയും കുട്ടികളുടേയും വെയിറ്റിംഗ് മെഷീന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റര്‍, മോഡ്യുലാര്‍ ലാബ്, മൈക്രോബയോളജി, ഫാര്‍മക്കോളജി വിഭാഗങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ഇതുകൂടാതെ വിവിധ വിഭാഗങ്ങള്‍ക്കും ഹോസ്റ്റലിനും ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കും തുക അനുവദിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.