വീണ്ടും കനത്ത മഴ ; വ്യാപക നാശനഷ്ടം

തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയ പശ്ചാത്തലത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. അതെ സമയം ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇന്നലെ വൈകീട്ട് പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്
കേരളത്തിൽ കാലവർഷമെത്തിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. അതേസമയം ഈ വർഷം കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്. ശക്തമായ പടിഞ്ഞാറൻ കാറ്റിൻറെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം കോട്ടയത്ത് വീണ്ടും മഴ ശക്തമായി. പാലാ , മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലും കോട്ടയം നഗരത്തിലും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതും ജനങ്ങളെ വലച്ചു. 20 മണിക്കൂർ മഴ മാറി നിന്ന ശേഷമാണ് ജില്ലയിൽ വീണ്ടും മഴ കനത്തത്. മഴയെ തുടർന്നും കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ ഐസിയുവിന് സമീപം കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്തും ഒപി ബ്ലോക്കിലും വെള്ളക്കെട്ടുണ്ടായി. ജീവനക്കാർ ഒരു മണിക്കൂറോളം ശ്രമപ്പെട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.മീനച്ചിൽ, മണിമല ആറുകളിലും ജലനിരപ്പ് ഉയർന്നു. നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
അതെ സമയം ഇടുക്കിയിൽ ഉരുൾപൊട്ടി രണ്ടു വീടുകൾക്ക് നേരിയ കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി നശിച്ചു. വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.തൊടുപുഴയിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിയിൽ കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കരിപ്പിലങ്ങാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മഴ കനത്തതോടെ മണപ്പാടി ചപ്പാത്ത് കവിഞ്ഞൊഴുകി.കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കലക്ടർ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഡാമിലെ നാല് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − 5 =