തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരളാതീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നാളെ കേരളാ തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില സാഹചര്യങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ഒരു അറിയിപ്പ് വരുന്നത് വരെ കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്.