തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. അടുത്ത നാല്, അഞ്ച് ദിവസം തല്‍സ്ഥിതി തുടരാനാണ് സാധ്യതയുള്ളത്.ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത 18 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.