സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. അണക്കെട്ടുകളില്‍ നിന്ന് വളരെ നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നത്.
ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയില്‍ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്ബോള്‍ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven − 4 =