കോട്ടയ്ക്കല്‍: ആര്യവൈദ്യശാലാ ഔഷധസസ്യഗവേഷണകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ ഡോ. ഇന്ദിര ബാലചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അറിഞ്ഞിരിക്കേണ്ട ഔഷധസസ്യങ്ങള്‍’ എന്ന ഗ്രന്ഥം ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണനുനല്‍കി പ്രകാശനം ചെയ്തു.
പരമ്പരാഗത ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളടങ്ങിയ ഈ പുസ്തകം അപൂര്‍വമായ നമ്മുടെ വിജ്ഞാനപൈതൃകത്തിന്റെ വലിപ്പം ബോധ്യപ്പെടുത്തുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
പ്രമുഖ സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ബാലചന്ദ്രന്‍ വിശദപഠനത്തിന് വിധേയമാക്കിയവയില്‍നിന്ന് തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്.
ആര്യവൈദ്യശാലാ എ.എച്ച്.ആന്‍ഡ് ആര്‍.സി.കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ ആലങ്കോട് ലീലാകൃഷ്ണനുനല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
ആര്യവൈദ്യശാലാ എക്‌സിക്യുട്ടിവ്‌സ് ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. ട്രസ്റ്റി ഡോ.കെ.മുരളീധരന്‍, സി.ഇ.ഒ.കെ.ഹരികുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.രാജഗോപാലന്‍, വി.പി.എസ്.വി. ആയുര്‍വേദ കോളേജ് പ്രൊഫസര്‍ ഡോ.എം.വി.വിനോദ് കുമാര്‍, സീനിയര്‍ എച്ച്.ആര്‍. മാനേജര്‍ ആന്‍ഡ് അഡ്മിന്‍ എന്‍.മനോജ്, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബിജു സി.പി.എന്നിവര്‍ സംസാരിച്ചു.