പാലക്കാട്: പാലക്കാട് നഗരത്തില്‍ വീടുകള്‍ കയറി മോഷണം പതിവാക്കിയ ഹൈടെക് മോഷ്ടാക്കള്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ വെങ്കിടേശ്വര റെഡ്ഡി, വെങ്കിട വിനയ് എന്നിവരാണ് പിടിയിലായത്.ഇരുവരെയും പോണ്ടിച്ചേരിയില്‍ നിന്ന് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി മോഷണം നടത്തിയിരുന്നവരാണ് ഇരുവരും. രണ്ടുപേരും ഉന്നത വിദ്യാഭ്യാസം നേടിയവര്‍. ഹൈടെക്ക് രീതിയിലാണ് മോഷണം നടത്തുന്നത്. ആദ്യം ആപ്പുകള്‍ വഴി കാര്‍ വാടകയ്ക്ക് എടുക്കും. പരിചയം ഇല്ലാത്ത സ്ഥലത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വഴികള്‍ പഠിക്കും. പിന്നാലെ, നഗരത്തില്‍ വന്ന് റൂം എടുക്കും. ശേഷം പകല്‍ നേരത്ത് വാടകയ്ക്ക് എടുത്ത കാറില്‍ കറങ്ങി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടുവയ്ക്കും. രാത്രിയും ആളില്ലെന്ന് ഉറപ്പായാല്‍ മോഷണം.മാര്‍ച്ച് 20 നും ഏപ്രില്‍ 16നും ഇടയില്‍ പാലക്കാട് നഗരത്തില്‍ മാത്രം ഇരുവരും അഞ്ചുവീടുകളിലാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് പ്രതികളെ കുടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിന് നേരെ കാര്‍ ഓടിച്ചു കയറ്റാനും ഇരുവരും ശ്രമം നടത്തി. മോഷണം നടത്തിയ ഒരു വീട്ടില്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റുവീടുകളിലും തെളിവെടുപ്പ് വൈകാതെ പൂര്‍ത്തിയാക്കും. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, സംസ്ഥാനങ്ങളിലായി പ്രതികള്‍ക്കെതിരെ 21കേസുകളാണുള്ളത്.