തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടന്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആരംഭിച്ച നൂതന സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം, ഇലക്‌ട്രോണിക്സ് ഗ്യാലറി, ഓട്ടോമൊബൈല്‍ സിമുലേഷന്‍ ഗ്യാലറി, ഭൂഗോളത്തിന്റെ മാതൃക, വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ ശാസ്ത്ര അവബോധം അത്യന്താപേക്ഷിതമാണെന്നും ശാസ്ത്ര ചിന്തയും ആധുനിക കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കുകയെന്നതു പ്രധാനമാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അറിവാണ്. ശാസ്ത്രീയ അറിവുകള്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.