കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും പടർന്നു പിടിക്കുന്ന പക്ഷിപ്പനി ഹോമിയോപ്പതി ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുവാനും പ്രതിരോധിക്കുവാനും വേണ്ട ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി (IFPH) പ്രസിഡൻറ് ഡോക്ടർ ഇസ്മയിൽ സേട്ട്അഭിപ്രായപ്പെട്ടു. വെറ്റിനറി മേഖലയിൽ ഹോമിയോപ്പതിക്കുള്ള സാധ്യത പ്രസ്തുത മേഖലയിൽ ഉള്ളവർ തന്നെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാത്തതും തുലോം ചിലവ് കുറഞ്ഞതുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യത പരിഗണിക്കാതെ 10000 കണക്കിന് താറാവുകളെ കൂട്ട കുരുതിക്ക് വിധേയമാക്കുന്ന പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് IFPH ആവശ്യപ്പെടുന്നു.കഴിഞ്ഞ 15 വർഷമായി കേരളത്തിൽ പക്ഷിപ്പനി പടരുന്നെങ്കിലും നാളിതുവരെ മനുഷ്യരിലേക്ക് പനി പടർന്നതായി റിപ്പോർട്ടുചെയ്തിട്ടില്ല.ആവശ്യമെങ്കിൽ ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നേതൃത്വത്തിൽ ഒരു സംഘം ഹോമിയോപ്പതി വെറ്റിനറി
ഡോക്ടർമാർ പ്രദേശം സന്ദർശിച്ച് ഔഷധ നിർണയത്തിനും ചികിത്സക്കും തയ്യാറാണ്. കൂടാതെ, സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസിനു ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സയും പ്രതിരോധവും സാധ്യമാണ്. അത്തരം സാധ്യതകളും കൂടി പരിഗണിക്കണമെന്നും ആവശ്യമുള്ള രോഗികൾക്ക് എത്രയും വേഗം ലഭ്യമാക്കണമെന്നും
IFPH ആവശ്യപ്പെടുന്നു. പത്രസമ്മേളനത്തിൽ ഡോക്ടർ ധനേഷ് ജയസിംഹൻ (വെബ്ബിനാർ കോഓർഡിനേറ്റർ – മുഹമ്മ), ഡോ. യഹിയ പറക്കവെട്ടി (മീഡിയ കൺവീനർ), ഡോക്ടർ വി കെ.ദേവരാജ്, സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ (ചേർത്തല) ഡോക്ടർ മഞ്ജു ഗോപിനാഥ് എന്നിവരും പങ്കെടുത്തു.