ഇടുക്കി: തൊഴുത്തില്‍നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓലിയില്‍ വീണു വീട്ടമ്മ മരിച്ചു.ഉടുമ്പന്‍ചോല കരുണാപുരം മന്തിപ്പാറ വയലാര്‍ നഗറില്‍ വടക്കേവീട്ടില്‍ പുരുഷോത്തമന്റെ ഭാര്യ ഉഷയാണ് മരിച്ചത്. ഓലിയിലേക്ക് വീണ ഉഷയുടെ ദേഹത്തേക്ക് പശുവും വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉഷയെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.ബുധനാഴ്ച വൈകിട്ട് 3:30നാണ് സംഭവം. ഉഷ പശുവിനെ കറക്കാനായി തൊഴുത്തില്‍നിന്ന് അഴിക്കുന്നതിനിടെ കുതറിയോടുകയായിരുന്നു. പശുവിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനു സമീപമുള്ള ഓലിയിലേക്ക് ഉഷ വീഴുകയും പിന്നാലെ പശു വീട്ടമ്മയുടെ ദേഹത്തേക്ക്വീഴുകയുമായിരുന്നു. ഉഷയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തെരച്ചലിലാണ് അപകടമറിയുന്നത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് ജെസിബി കൊണ്ട് പശുവിനെ പൊക്കിയെടുത്തു. തുടര്‍ന്ന് ഉഷയെ പുറത്തെത്തിക്കുകയായിരുന്നു.