കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭര്‍ത്താവിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയില്‍ പൊയ്കവിള വീട്ടില്‍ ഷീജ (42) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഭര്‍ത്താവ് ഹാഷിം (46) ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറകുന്ന് സ്വദേശി സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. വരുന്ന 12 ന് തിരികെ പോകേണ്ടതായിരുന്നു. 8 ദിവസം മുന്‍പാണ് ഇവരുടെ മൂത്തമകന്‍ ആഷിക് ദുബായില്‍ പോയത്. ഇളയ മകന്‍ അജ്മല്‍ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.