കോട്ടയം : കേരള പേപ്പര്‍ പ്രോഡക്‌ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) വൻ തീപിടിത്തം. കമ്ബനിയുടെ പ്രധാനഭാഗമായ പേപ്പര്‍ മെഷീൻ പ്ലാന്റില്‍ ഇന്നലെ വൈകിട്ട് 5.45ന് ആണു തീപിടിത്തമുണ്ടായത്.താഴ്ഭാഗത്തു നിന്നു പടര്‍ന്ന തീ യന്ത്രത്തിലേക്കു പടര്‍ന്നു കയറി. യന്ത്രത്തിന്റെ മുക്കാല്‍പങ്കും കത്തി നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.കോടികളുടെ നഷ്ടമാണു കണക്കാക്കുന്നത്. കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. ഇരുപത്തഞ്ചോളം തൊഴിലാളികള്‍ ഈ സമയം ജോലി ചെയ്തിരുന്നു. ആര്‍ക്കും പരുക്കില്ല. വൈക്കം, പിറവം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള 6 അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ മൂന്നര മണിക്കൂറോളം ശ്രമിച്ചാണു രാത്രി ഒൻപതേകാലോടെ തീയണച്ചത്.പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായപിറവം ഫയര്‍സ്റ്റേഷനിലെ സീനിയര്‍ ഫയര്‍മാൻ സജീന്ദ്രനെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ നഷ്ടത്തിന്റെ തോത് കണക്കാൻ സാധിക്കൂവെന്നും കെപിപിഎല്‍ സ്പെഷല്‍ ഓഫിസര്‍ പ്രസാദ് ബാലകൃഷ്ണൻ നായര്‍ പറഞ്ഞു. പള്‍പിങ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതിനാല്‍ 20 ദിവസമായി പേപ്പര്‍ നിര്‍മാണം ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് 3.30ന് ആണു വീണ്ടും പേപ്പര്‍ നിര്‍മാണം ആരംഭിച്ചത്.