ഉത്തർപ്രദേശ്: ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
ആകാശ് ഗൗതം എന്നയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ ഭാര്യ റിതികയുമായി അകന്ന് താമസിച്ചുവരികയായിരുന്നു. ആകാശിനെതിരെ റിതിക വിവാഹമോചനത്തിനായി നോട്ടീസ് നല്‍കിയിരുന്നു. ഭാര്യയ്ക്ക് വിപുല്‍ അഗര്‍വാള്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു കൊലപാതകം. തന്റെ സഹോദരിയോടൊപ്പമാണ് ആകാശ് വിപുലിന്റെ അപാര്‍ട്ട്‌മെന്റിലെത്തിയത്. അവിടെവച്ച് റിതികയെ കണ്ട ഭര്‍ത്താവ് ഇവരുടെ കൈയും കാലും കെട്ടിയശേഷം താഴേക്ക് പിടിച്ചു തള്ളുകയായിരുന്നു. വിപുലിനേയും കൊലപ്പെടുത്താന്‍ ആകാശ് ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
വിപുലിന്റെ ഓം ശ്രീ അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. വൈകിട്ട് മുതല്‍ അപാര്‍ട്ട്‌മെന്റില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടിരുന്നു എന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.