ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് ക്യാമ്പസില്‍ കയറി കുത്തിക്കൊന്നു. ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്ബസിനെ നടുക്കി ക്രൂര കൊലപാതകം നടന്നത്. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍ (21) ആണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് കൃത്യം നടത്തിയ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പവന്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ലയസ്മിതയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം യുവാവ് പെണ്‍കുട്ടിക്ക് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
അപ്രതീക്ഷിതമായാണ് യുവാവ് കോളേജിനുള്ളില്‍ കയറി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്.