എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്.സംഭവത്തില്‍ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂര്‍ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വെച്ച് സിബിന് വയറ്റില്‍ കത്രികവെച്ച് കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിന്‍ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്.
ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബിന് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ സംശയം തോന്നിയസിബിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ സിബിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി
സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ കയ്യില്‍ കിട്ടിയ കത്രിക എടുത്ത് സിബിന്‍ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയില്‍ കയറി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സിബിന്‍ വാതില്‍ തള്ളിത്തുറന്നു. സിബിന്റെ കയ്യില്‍ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാര്‍ത്ഥം സിബിന്റെ വയറ്റില്‍ ആഞ്ഞുകുത്തി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തത്.