ഭോപ്പാല്‍: മധ്യപ്രദേശിലെ റീവയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളിലേക്കു ട്രക്ക് ഇടിച്ച് കയറി 14 പേര്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റ്ചെയ്തു.സിംഗ്റൗലി സ്വദേശി ശ്യാംലാല്‍ റാവത്ത് (25) ആണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയുണ്ടായ അപകടത്തില്‍ അറുപതോളം പേര്‍ക്കാണു പരിക്കേറ്റത്.
റീവ-സത്ന അതിര്‍ത്തിയിലെ ബാര്‍ക്ക്ഹാദയില്‍ ഒരു തുരങ്കത്തിനു പുറത്തായിരുന്നു അപകടം.
സത്നയില്‍ കോല്‍ മഹാകുംഭ ചടങ്ങുകള്‍ക്കുശേഷം തിരിച്ചുപോയ ആളുകള്‍ ഭക്ഷണം കഴിക്കാനായി ബസുകള്‍ റോഡ്‌വക്കില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായി എത്തിയ ട്രക്ക് ബസുകളിലേക്കു പാഞ്ഞുകയറിയാണ് അപകടം.