ഭാവിയിൽ കേരളം ബിജെപി പിടിക്കും; മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി
ബിജെപി ഭാവിയിൽ കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൊച്ചിയിൽ നടക്കുന്ന യുവ പരിപാടിയിൽ പറഞ്ഞു.
ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണ്. യുവാക്കളിൽ തന്റെ വിശ്വാസം. കേരളത്തിലെ യുവാക്കൾ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസുയർത്തുന്നുവെന്ന് യുവ വേദിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപിയും രാജ്യത്തെ യുവതലമുറയും ഒരേ ‘വേവ് ലെങ്താ’ണ്. യുവാക്കളുടെ വികസനമാണ് ബിജെപി സാധ്യമാക്കുന്നത്. യുവാക്കൾക്ക് ബിജെപി സർക്കാർ നിലവിൽ പുത്തൻ അവസരങ്ങളാണ്. വൃക്ഷത്തൈ നട്ടാണ് താൻ തുടങ്ങിയത്. അത് ഇച്ഛാശക്തിയുടെ പ്രതീകമായി വളരും. ഒരുമിച്ച് കേരളത്തിന്റെ ഭാവി രചിക്കാമെന്നും യുവാക്കളോട് മോദി പറഞ്ഞു.
ചെറുപ്പക്കാർക്ക് സർക്കാർ സർവീസിൽ സ്ഥിരം ജോലി ലഭിക്കാനുള്ള തൊഴിൽ മേളകൾ സംഘടിപ്പിക്കും. അതിനുള്ള നടപടികൾ വേഗത്തിലാക്കും. എന്നാൽ കേരളത്തിലെ സർക്കാരുകളുടെ ശ്രദ്ധ തൊഴിൽ നൽകുന്നതിൽ ഇല്ലെന്ന് മോദി വിമർശിച്ചു. വിവിധ മേഖലകളിൽ ചെറുപ്പക്കാരെ നിയമിക്കാനും സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരിന് തൊഴിൽ നൽകുന്നതിൽ ശ്രദ്ധയില്ലെന്ന് തുറന്നടിച്ച പ്രധാനമന്ത്രി സ്വർണക്കടത്തിനെ കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു. ‘ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാൾ ഒരു പാർട്ടിക്ക് പ്രാധാന്യം നൽകുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാൾ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു കൂട്ടരും ചേർന്ന് കേരളം കുട്ടിച്ചോറാക്കുകയാണ്’ പ്രധാനമന്ത്രി വിമർശിച്ചു.