തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ലോക്സഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ഉണ്ടായ സ്ഫോടനത്തെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ആരാധനസമയത്ത് ഉണ്ടായ അക്രമം ആയത് കൊണ്ട് വൈകാരികത ആളിക്കത്തിക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.അതേസമയം ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയാണ് മരിച്ചത്. സ്ഫോടനം നടത്തിയ മാര്‍ട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സന്ദര്‍ശിക്കും.ഇന്നലെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനം തുടങ്ങി അരമണിക്കൂര്‍ തികയും മുന്‍പാണ് സംഭവം.