മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോട് ആണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്.കർണാടക മേഖലയില്‍ നിന്നെത്തിയ ആനയാണിതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതർ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി.കഴിഞ്ഞ ദിവസം ദേശീയപാത 766 മുത്തങ്ങ ബന്ദിപ്പൂർ വനപാതയില്‍ ഇറങ്ങിയ കാട്ടാനകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ പകർത്തിയ യാത്രക്കാർ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ആനകളെ കണ്ട് കാറില്‍ നിന്നിറങ്ങിയ രണ്ടുപേർ ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു. ആനക്കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ദൃശ്യങ്ങൾപകർത്തുന്നതിനിടെ പിടിയാന ഇവർക്കുനേരെ പാഞ്ഞടുത്തു. രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ വീണു. വീണയാളെ തുമ്പിക്കൈകൊണ്ടും കാലുകൊണ്ടും ആന തട്ടാൻ ശ്രമിച്ചെങ്കിലും ഉരുണ്ടുമാറിയതോടെ രക്ഷപ്പെടുകയായിരുന്നു.