ചാരുംമൂട് : കഴിഞ്ഞദിവസം ചാരുംമൂട് ജംഗ്ഷനില്‍ നടന്ന സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിക്ക് നൂറനാട് പൊലീസ് സ്‌റ്റേഷനില്‍വച്ച് കട്ടിംഗ് മെഷീനില്‍ നിന്നും ബ്ലേഡ് തെറിച്ചുവീണു പരിക്കേറ്റ സംഭവത്തില്‍ നിര്‍മാണത്തൊഴിലാളിയായ കായംകുളം ചേരാവള്ളി കോയിക്കല്‍ പൗര്‍ണമിയില്‍ മധുസൂദനന്‍പിള്ള(50)ക്കെതിരേ കേസെടുത്തു.നൂറനാട് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കട്ടിംഗ് ബ്ലേഡ് ഉപയോഗിക്കുന്നതിനിടയിലായിരുന്നു സംഭവം. മെഷീന്‍ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്.ചുനക്കര കോമല്ലൂര്‍ വെട്ടത്തുപറമ്ബില്‍ സിജിനാണ് (16) പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചാരുംമൂട്ടില്‍ നിന്നാണ് സിജിനേയും മൂന്നു വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കുട്ടികള്‍ തമ്മില്‍ തല്ലുണ്ടായതിന്റെ പേരില്‍ നിരപരാധിയായ തന്റെ മകനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് സിജിന്റെ അച്ഛന്‍ അനു സജി പരാതിപ്പെട്ടിരുന്നു.സ്റ്റേഷനുള്ളില്‍നില്‍ക്കുകയായിരുന്ന സിജിന്റെ മുഖത്തേക്ക്,കട്ടിംഗ് മെഷീനില്‍ നിന്നും ബ്ലേഡ് തെറിച്ചു വീഴുകയായിരുന്നു.ആശുപത്രിലെത്തിച്ച സിജിന്റെ മുഖത്തും വായ്ക്കുള്ളിലുമായി 15ഓളം തുന്നലിടേണ്ടിവന്നു.