വെള്ളായണി കായലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി.ജില്ലാ കളക്ടറോടാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം വവ്വാമൂലയില്‍ ആണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളും സൂരജിന്റെ ഉറ്റ സുഹൃത്തുക്കളുമായ വിഴിഞ്ഞം കടയ്ക്കുളം വാറുതട്ട് വിള വീട്ടില്‍ ലാസറിന്റെ മകന്‍ ലിബിനോ. എല്‍ (20), മണക്കാട് കുര്യാത്തി എന്‍.എസ്.എസ് കരയോഗം ARWA 120ല്‍ സുരേഷ് കുമാറിന്റെ മകന്‍ മുകുന്ദന്‍ ഉണ്ണി(20), വെട്ടുകാട് തൈവിളകം ഹൗസില്‍ ഫ്രാന്‍സിന്റെ മകന്‍ ഫെര്‍ഡിനാന്‍ ഫ്രാന്‍സിസ് (19) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് പൊഴിയൂര്‍ ഇടച്ചിറ കരുണാഭവനില്‍ സൂരജ് ആണ് -മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സുഹൃത്തുക്കളില്‍ ഒരാള്‍ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൂന്നുപേരും കായലില്‍ കുളിക്കാന്‍ ഇറങ്ങി. ഈ സമയം സൂരജ് കരയില്‍ നില്‍ക്കുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ മൂന്നംഗ സംഘം കായലിലെ ചാലില്‍ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മൂവരും വെള്ളത്തില്‍ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് വാഹനം വരുന്നത് കണ്ടാണ് സമീപവാസികള്‍ സ്ഥലത്തെത്തുന്നത്.