ഊട്ടി: കോത്തഗിരിയില്‍ ക്ഷേത്രപൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന, മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തുവാണ് (44) കൊല്ലപ്പെട്ട സംഭവത്തിലാണ് മാരിമുത്തുവിന്റെ സുഹൃത്ത് ധനലക്ഷ്മിയും ധനലക്ഷ്മിയുടെ സുഹൃത്ത് ഉദയകുമാറും പോലീസിന്റെ പിടിയിലായത്.രണ്ടുവിവാഹംകഴിച്ച ധനലക്ഷ്മി കോത്തഗിരിയിലെ കോവില്‍മേട്ടില്‍ തനിച്ചു താമസിച്ച് വരികയായിരുന്നു.
മാരിമുത്തു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.ഇക്കഴിഞ്ഞ 23-ന് രാത്രി മാരിമുത്തു ധനലക്ഷ്മിയുടെ വീട്ടില്‍ പോയി. രാത്രി 10 മണിയോടെ ധനലക്ഷ്മിയുടെ മറ്റൊരുസുഹൃത്ത് ഉദയകുമാറും ഇവിടെ എത്തി. അവിടെ മാരിമുത്തുവിനെ കണ്ട ഉദയകുമാര്‍ ദേഷ്യപ്പെട്ടു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു.തുടര്‍ന്ന് ഉദയകുമാറും ധനലക്ഷ്മിയും ചേര്‍ന്ന് മാരിമുത്തുവിനെ ക്രൂരമായി മര്‍ദിച്ച് വീടിനുസമീപമുള്ള പടിക്കെട്ടില്‍നിന്നു താഴേക്ക് തള്ളിയിട്ടു.ചൊവ്വാഴ്ച രാവിലെ രക്തംവാര്‍ന്നുകിടക്കുന്ന മാരിമുത്തുവിനെക്കണ്ട നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ധനലക്ഷ്മിക്കു പങ്കുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ധനലക്ഷ്മിയുടെ വീട്ടിലെത്തി. വീട് പൂട്ടിക്കിടക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ധനലക്ഷ്മി മേട്ടുപ്പാളയത്തുള്ളതായി കണ്ടെത്തി. പോലീസ് മേട്ടുപ്പാളയത്തെത്തി ധനലക്ഷ്മിയെയും ഉദയകുമാറിനെയും പിടികൂടി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.