തൃശ്ശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്.കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ചയിലേറെ ചികിത്സയില്‍ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) അംഗമാണ് ഹുസൈന്‍.പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. ഈ സംഘത്തില്‍ അംഗമായിരുന്നു മരിച്ച ഹുസൈന്‍.
പാലപ്പിള്ളിയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്ബന്മാരും ഉള്‍പ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.