സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാർ വെള്ളായണി കാർഷിക കോളേജിൽ

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന മൂന്നുദിവസത്തെ *അന്താരാഷ്ട്ര സെമിനാർ-ISSK 2024, ജൂൺ 5 മുതൽ 7 വരെ* വെള്ളായണി കാർഷിക കോളേജിൽ വെച്ച് നടത്തുന്നു.
നമ്മുടെ നാട്ടിലും വിദേശരാജ്യങ്ങളിലും സുഗന്ധവ്യഞ്ജന വിളകളിൽ നടക്കുന്ന വിവിധ ഗവേഷണ പ്രവർത്തനങ്ങളും അവയുടെ കൃഷിമുറകളിലെ സുസ്ഥിര മാതൃകകളും അടുത്തറിയുക, ഗവേഷകർ- കർഷകർ-വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് സുഗന്ധവ്യഞ്ജനങ്ങളുടെ സ്ഥിരതയാർന്ന രാജ്യാന്തര വിപണന സാധ്യതകൾ കേരളത്തിലെ കർഷകർക്ക് ഉപയുക്തമാക്കുക എന്നിവയാണ് ഈ അന്താരാഷ്ട്ര സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ദേശീയ അന്തർദേശീയ തലത്തിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്നു.
കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫന്റെ അധ്യക്ഷതയിൽ ജൂൺ അഞ്ചാം തീയതി വൈകുന്നേരം കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് ഐഎഎസ്. സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഭാരതീയ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ആർ ദിനേശ് മുഖ്യപ്രഭാഷണം നടത്തും. സ്പൈസസ് ബോർഡ് മേധാവി ഡോ. എ ബി രമശ്രീ, അഗ്രികൾച്ചറൽ അഡ്വൈസറും (GIZ-Gmbh ജർമ്മനി) ഡിപിപിപി പ്രോജക്ട് പാർട്ണറുമായ കുമാരി പ്രജ്ഞ്യ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. കെ എൻ അനിത്, കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ, കാർഷിക സർവകലാശാല അക്കാഡമിക് -ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. തോമസ് ജോർജ്, ഡോ. എം റഫീക്കർ, കാർഷിക കോളേജ് അധ്യാപകരായ ഡോ. ദീപ എസ് നായർ, ഡോ. ശ്രീകല ജി എസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഇൻഡോനേഷ്യയിലെ ബക്രീ സർവകലാശാലയിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസർ ഡോ. വഹ്യുദി ഡേവിഡ്, ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്മാരായ ഡോ. സന്തോഷ് ജെ ഈപ്പൻ, ഡോ. ഈശ്വര ഭട്ട്, ഡോ. ഡി പ്രശാന്ത്, നാഷണൽ സിന്നമൺ റിസർച്ച് ആൻഡ് ട്രെയിനിങ് സെൻറർ ശ്രീലങ്ക ഡെപ്യൂട്ടി ഡയറക്ടർ ഡോ. അച്ചിനി അനുരാധ, വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസസ് അസോസിയേഷൻ ചെയർപേഴ്സൺ കുമാരി ഹോങ് തി ലിൻ, തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ വിള സംരക്ഷണ വിഭാഗം മേധാവി ഡോ. ജോർജ് തോമസ് മുതലായവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഇതോടൊപ്പം രാജ്യാന്തര ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ട് (JNTBGRI), സിഎസ്ഐആർ സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ്സ് (CSIR-CIMAP) , ലക്നൗ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ജൂൺ ഏഴാം തീയതി രാവിലെ ഇൻഡസ്ട്രി- അക്കാദമിയ മീറ്റും ഉച്ചയ്ക്ക് ശേഷം കർഷകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇൻഡസ്ട്രി -അക്കാദമിയ-ഗ്രോവർ മീറ്റും ഉണ്ടായിരിക്കും. സുഗന്ധവ്യജ്ഞനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രജ്ഞരുമായി മുഖാമുഖം സംവദിക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇതൊരു സുവർണാവസരം ആയിരിക്കും. കൂടാതെ ഗവേഷണ വിദ്യാർത്ഥികൾക്കായി സുഗന്ധ വിളകളുമായി ബന്ധപ്പെട്ട പ്രബന്ധ- പോസ്റ്റർ മത്സരങ്ങൾ, കാർഷിക പ്രദർശനം, ക്വിസ് മത്സരം, കലാ സന്ധ്യ എന്നിവയും സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.
സെമിനാറിന്റെ മറ്റു വിശദാംശങ്ങൾക്കായി https//iisk2024.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − 6 =