ആലപ്പുഴ: കളർകോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാർഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിൻ ജോർജ് (20) ആണ് മരിച്ചത്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ആല്‍വിൻ. തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിൻ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാർഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാർഥികള്‍ ചികിത്സയിലാണ്.