പത്തനംതിട്ട: ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലയിലേക്ക് ഇനി കണ്ഠരര് ബ്രഹ്‌മദത്തനും. കണ്ഠരര് രാജീവരുടെ മകനായ ബ്രഹ്‌മദത്തൻ (30) ചിങ്ങം ഒന്നിന് നട തുറക്കുന്പോള്‍ ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതലയില്‍ പ്രവേശിക്കും.ചെങ്ങന്നൂർ താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങളില്‍നിന്നു മാറിമാറിയാണ് ശബരിമലയിലെ തന്ത്രിമാർ വരുന്നത്. ചിങ്ങം മുതല്‍ കർക്കടകം വരെയാണ് ഇവരുടെ കാലാവധി. കണ്ഠരര് ബ്രഹ്‌മദത്തൻ കൂടി വരുന്നതോടെ ശബരിമലയിലെ താന്ത്രിക ചുമതലയില്‍ തലമുറ മാറ്റം പൂർണമാകുകയാണ്. കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരാണ് നിലവില്‍ തന്ത്രി. അടുത്ത ഊഴം കണ്ഠരര് രാജീവരുടേതാണ്. ഇക്കൊല്ലം ചിങ്ങ മാസ പൂജകള്‍ക്ക് ഓഗസ്റ്റ് 16നാണ് നട തുറക്കുക. അന്നു വൈകുന്നേരം മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും. ശബരിമലയിലെ ചടങ്ങുകളില്‍ കണ്ഠരര് രാജീവരുടെ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാകും.
രാജീവരുടെയും ബിന്ദുവിന്‍റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.