കോയമ്പത്തൂർ: വെള്ളിയാഴ്‌ച പുലർച്ചെ നീലഗിരിയിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേർ മരിച്ചു. ആനകള്‍ തിരികെ കാട്ടിലേക്ക് പോയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മസിനഗുഡിയിലെ മോയാറില്‍ നടന്ന ആദ്യ സംഭവത്തില്‍ കൂലിപ്പണിക്കാരനായ സി നാഗരാജ് (51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു . സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ചിലാണ് രണ്ടാമത്തെ സംഭവം. ഗൂഡല്ലൂർ ടൗണിനു സമീപത്തെ ദേവൻ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മാധവ് (50) ആണ് കൊല്ലപ്പെട്ടത്. എസ്റ്റേറ്റില്‍ വാച്ച്‌മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മാധവ് ഇലക്‌ട്രിക് മോട്ടോർഓണ്‍ ചെയ്യാൻ എസ്റ്റേറ്റ് ഭാഗത്തേക്ക് പോയിരുന്നു. പ്രദേശത്ത് ഒളിച്ചിരുന്ന കൂട്ടത്തില്‍ നിന്ന് വേർപെട്ട് വന്ന ആന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപവാസികള്‍ രക്ഷപ്പെടുത്തി ഗൂഡല്ലൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹത്തിന് തീവ്രപരിചരണം നല്‍കിയെങ്കിലും മരിച്ചു.