കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സ് നവംബര്‍ 28 ന്_ സദസ്സ്:കോട്ടക്കൽ ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ശരീഫ് ഉള്ളാടശ്ശേരി.

കോട്ടക്കൽ :കോട്ടക്കൽ മണ്ഡലത്തിലെ നവകേരള സദസ്സ് ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.
മുഖ്യമന്ത്രിയുള്‍പ്പടെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന നവകേരള സദസ്സിന് കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ജില്ലയില്‍ നവകേരള സദസ്സിന്റെ രണ്ടാം ദിനമായ നവംബര്‍ 28 ന് വൈകുന്നേരം ആറിനാണ് കോട്ടക്കല്‍ മണ്ഡലത്തിലെ നവകേരള സദസ്സ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും സമര്‍പ്പിക്കുന്നതിനുള്ള കൗണ്ടറുകള്‍ വൈകുന്നേരം മൂന്നിന് തന്നെ വേദിയായ കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് മൈതാനത്ത് പ്രവര്‍ത്തനമാരംഭിക്കും. അലോഷിയുടെ ഗസല്‍, ഒപ്പന തുടങ്ങിയ കലാപരിപാടികളും ഇതോടൊപ്പം വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് സദസ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം കോല്‍ക്കളി, ആയൂര്‍വേദ കേളേജ് വിദ്യാര്‍ത്ഥികളുടെ സംഗീത ശില്‍പ്പം എന്നിവയും വേദിയില്‍ അരങ്ങേറും.
പ്രഭാത സദസ്സ് 29 ന്
വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേകം ക്ഷണിതാക്കളായി എത്തുന്നവരാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. നവംബര്‍ 29 ന് മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ രാവിലെ ഒമ്പതിനാണ് മറ്റ് ആറ് മണ്ഡലങ്ങളോടൊപ്പം കോട്ടക്കലിന്റെ പ്രഭാത സദസ്സ് നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തികള്‍, അതത് മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, അവാര്‍ഡ് ജേതാക്കള്‍, മഹിളാ-യുവജന-വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, കലാ-സാംസ്‌കാരിക രംഗം ഉള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മണ്ഡലങ്ങളില്‍ നേരിട്ടെത്തുന്ന നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കുന്നത്. 15 ജനറല്‍ കൗണ്ടറുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറും വീതമാണ് സജ്ജീകരിക്കുക. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങുകയും അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക.
കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനുമായി മതിയായ പരിശീലനം നല്‍കിയ എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് വിദ്യാര്‍ഥികളെയും ട്രോമാ കെയര്‍, സിവില്‍ വളണ്ടിയര്‍ തുടങ്ങിയ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയും വളണ്ടിയര്‍മാരായ നിയോഗിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും പരാതിക്കാരുടെ ക്രമ നമ്പര്‍ വ്യത്യസ്തങ്ങളായി ക്രമീകരിച്ച് ഇരിപ്പും ആശയക്കുഴപ്പവും ഒഴിവാക്കും. മുതിര്‍ന്ന പൗരന്മാരും വിഭിന്നശേഷിയുള്ളവരും പരാതി നല്‍കുന്നതിനായി എത്തുന്ന കൗണ്ടറുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. പരാതി നല്‍കുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ എന്നിവ നല്‍കിയിരിക്കണം. ഓരോ പരാതി സ്വീകരിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മാതൃകയില്‍ കൈപ്പറ്റ് രസീത് നല്‍കും. ഇത് ഉപയോഗിച്ചാണ് പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അറിയാനാവുക.

കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിച്ച ഉടന്‍ തന്നെ ഓരോ കൗണ്ടറുകളിലും ലഭിച്ച പരാതികള്‍ എണ്ണി തിട്ടപ്പെടുത്തി, രജിസ്റ്ററുകളുമായി ഒത്തുനോക്കി സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, ജനറല്‍, ആകെ എന്നിങ്ങനെ സ്ഥിതി വിവരകണക്ക് തയ്യാറാക്കി രജിസ്റ്ററുകളും പരാതികളും നോഡല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. ഭൂരേഖ തഹസില്‍ദാര്‍മാര്‍ക്കാണ് ഡാറ്റാ എന്‍ട്രി നടത്തി ബന്ധപ്പെട്ട പോര്‍ട്ടലില്‍ പരാതികള്‍ അപ്‌ലോഡ് ചെയ്യേണ്ട പൂര്‍ണ്ണ ചുമതല. താലൂക്ക് ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍മാരാണ് ഡാറ്റാ എന്‍ട്രി നടത്തി പോര്‍ട്ടലില്‍ പരാതികള്‍ അപ്‌ലോഡ് ചെയ്യുക. ഡാറ്റാ എന്‍ട്രി മുഴുവനായി പൂര്‍ത്തീകരിച്ച ശേഷം പരാതികളും രജിസ്റ്ററുകളും കളക്ടറേറ്റിലെ പി.ജി.ആര്‍ സെല്ലിലേക്ക് കൈമാറും. ഇവ തുടര്‍നടപടിയ്ക്കായി ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടലിലൂടെ കൈമാറും. പരാതികള്‍ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊണ്ട് പരാതിക്കാര്‍ക്ക് വിശദമായ മറുപടി നല്‍കി അത് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത് തീര്‍പ്പാക്കും. കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമുള്ളതും തീര്‍പ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായിട്ടുള്ളതുമായ പരാതികളുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കില്‍ പരാതി പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. ഇതോടൊപ്പം മറുപടികള്‍ തപാലിലൂടെയും നല്‍കും.നിവേദനങ്ങളുടെയും പരാതികളുടെയും തല്‍സ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ്‌സൈറ്റിലൂടെ ലഭിക്കും.
കോട്ടക്കല്‍ റിഡ്ജസ് ഇന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്മാരായ വി.പി സക്കരിയ, കെ.പി ശങ്കരന്‍, കൗണ്‍സിലര്‍ ടി. കബീര്‍, നോഡല്‍ ഓഫീസര്‍ എന്‍.എം. മുഹമ്മദ് സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + 7 =