കോഴിക്കോട്: കോഴിക്കോട്ടെ ട്രാവല്‍ ഏജൻസിയെ കബളിപ്പിച്ച് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ബിടെക് എൻജിനിയറെ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിയും നിലവില്‍ തമിഴ്നാട് ഡിണ്ടിഗലില്‍ താമസക്കാരനുമായ പി. കാര്‍ത്തിക് പങ്കജാക്ഷനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ട്രാവല്‍ ഏജൻസിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ചാലക്കുടിയിലെ ഭാര്യ വീട്ടില്‍നിന്നു കാര്‍ത്തിക്കിനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, മധുരൈ എന്നിവിടങ്ങളില്‍നിന്നായി ഏകദേശം 30ലക്ഷം രൂപയുടെ തട്ടിപ്പ് കാര്‍ത്തിക് നടത്തിയിട്ടുണ്ടെന്നാണു ലഭിക്കുന്ന സൂചന.ന്യൂഡല്‍ഹിയില്‍നിന്നു സാൻഫ്രാൻസിസ്കോയിലേക്ക് എയര്‍ ഇന്ത്യ ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്താണ് കാര്‍ത്തിക് കോഴിക്കോട്ടെ ട്രാവല്‍ ഏജൻസിയെ പറ്റിച്ചത്..ബാങ്ക് അവധി ദിവസമായതിനാല്‍ ബാങ്ക് മുഖേനെ പണമിടപാട് നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും പകരം ഓണ്‍ലൈനായി പണം അയയ്ക്കാമെന്നുമാണ് കാര്‍ത്തിക് ട്രാവല്‍ ഏജൻസി ജീവനക്കാരോടു പറഞ്ഞത്. ട്രാവല്‍ ഏജൻസിയുടെ അക്കൗണ്ടിലേക്കു പണം ഓണ്‍ലൈനായി അയയ്ച്ച തായുള്ള വ്യാജ സ്ളിപ് നിര്‍മിച്ച് അതിന്‍റെ സ്ക്രീൻ ഷോട്ട് കാര്‍ത്തിക് അയച്ചുകൊടുത്താണ് കബളിപ്പിച്ചത്. ഇങ്ങനെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ മറിച്ചുവിറ്റ് 2,21,200 രൂപയാണ് കാര്‍ത്തിക് തട്ടിയെടുത്തത് .