കൊല്ലം : കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ കക്കോട് അഭിരഞ്‌ജം വീട്ടില്‍ രഞ്‌ജിത്ത്-ലക്ഷ്‌മി ദമ്ബതികളുടെ മകന്‍ അഭിജിത്ത്(19), പുനലൂര്‍ തൊളിക്കോട് തലയാന്‍കുളം വീട്ടില്‍ അജയകുമാര്‍-ബിന്ദുഷ ദമ്ബതികളുടെ മകള്‍ ശിഖ (20)എന്നിവരാണു മരിച്ചത്.ഇന്നലെ രാവിലെ ഏഴോടെ എം.സി. റോഡില്‍ ചടയമംഗലത്തിനു സമീപം കുരിയോട് നെട്ടേത്തറയിലായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് അതേദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് അഭിജിത്തും ശിഖയും റോഡിലേക്കു തെറിച്ചു വീഴുകയും ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്‌തു. ശിഖ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ അഭിജിത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റു റോഡില്‍ കിടന്നഅഭിജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. കൈ കാണിച്ചിട്ടും അതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയില്ല. പലരും ചുറ്റും നിന്ന് മൊബൈലില്‍ ഫോട്ടോ എടുക്കുകയായിരുന്നു. പ്രദേശവാസി ഉദയകുമാറും സുഹൃത്ത് സജിയുമാണ് ഒടുവില്‍ അഭിജിത്തിനെ കടയ്‌ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയാണു ശിഖ. അഭിജിത്ത് പത്തനംതിട്ട മുസ്ല്യാര്‍ കോളജിലെ ബി.ബി.എ. വിദ്യാര്‍ഥിയും. അപകട സ്‌ഥലത്ത് പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരും പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഇരുവരുടെയും മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.